ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ (1869--1916)
വടക്കാഞ്ചേരി എങ്കക്കാട് ഒടുവിൽ കുഞ്ഞുക്കുട്ടിയമ്മയുടെയും ആലത്തൂർ മനയ്ക്കൽ
പരമേശ്വരൻ നമ്പൂതിരിപ്പാടിന്‍റെയും മകനായി 1869 ഒക്ടോബർ 26ന് ( കൊല്ലവർഷം 1045 തുലാം 10 ,
തിരുവാതിര നക്ഷത്രം) കുഞ്ഞികൃഷ്ണമേനോൻ ജനിച്ചു. വടക്കാഞ്ചേരിയിലും തൃശ്ശൂർ മിഷൻ സ്കൂളിലുമായി
സ്കൂൾപഠനം പൂർത്തിയാക്കി. എറണാകുളം മഹാരാജാസ് കോളേജിൽ ഇന്‍റെര്‍മീഡിയറ്റിനു പഠിച്ചെങ്കിലും
ജയിച്ചില്ല. കുറച്ചുകാലം വടക്കാഞ്ചേരി സ്കൂളിൽ അദ്ധ്യാപകനായി ജോലി ചെയ്തു. പിന്നീട് മദിരാശിയിൽ
നിന്ന് ഇന്‍റെർമീഡിയറ്റ് ജയിച്ചു. കുറച്ചു കാലം കൂടി വടക്കാഞ്ചേരി സ്കൂളിൽ അദ്ധ്യാപകനായി ജോലി
നോക്കിയ ശേഷം തിരുവനന്തപുരത്തു പോയി ബി എ യ്ക്കു ചേർന്നു. 1898ൽ ബി എ (മലയാളം)
ഒന്നാമനായി ജയിച്ച അദ്ദേഹം പഠനത്തോടൊപ്പം രാമാനുജം മാസികയുടെ പത്രാധിപത്യവും വഹിച്ചിരുന്നു.
ബി എ കഴിഞ്ഞ് കൊച്ചി സർക്കാരിൽ ജോലിയിൽ പ്രവേശിച്ച കുഞ്ഞികൃഷ്ണമേനോൻ ഹജൂർ കച്ചേരി
ഗുമസ്തൻ, താലൂക്കുകളിൽ സമ്പ്രതി,ദേവസ്വത്തിൽ ശിരസ്തദാർ, തഹശീൽ മജിസ്ട്രേട്ട്, മജിസ്ട്രേട്ട്, തഹസീൽദാർ
എന്നിങ്ങനെ വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ചു. 1897ൽ ഇട്ട്യാണത്തു മൂകാംബിയമ്മയെ വിവാഹം
കഴിച്ചു. അവരുടെ അകാലചരമത്തത്തെത്തുടർന്ന് ആളത്തു പുത്തൻ വീട്ടിൽ ചിന്നമ്മുവമ്മയെ വിവാഹം ചെയ്തു .
1916 മെയ് 8 ന് എറണാകുളത്ത് ഉദ്യോഗസ്ഥനായിരിക്കുമ്പോൾ അന്തരിച്ചു.
ചെറുകഥാകൃത്ത്, കവി, ലേഖകൻ , നോവലിസ്റ്റ് എന്ന നിലകളിലാണ് ഒടുവിൽ
കുഞ്ഞികൃഷ്ണമേനോൻ അറിയപ്പെട്ടിരുന്നത്. ആദ്യകാലകഥാകൃത്തുക്കളിൽ പ്രമുഖനായിരുന്ന അദ്ദേഹത്തിന്‍റെ
മികച്ച കഥകളാണ് കല്യാണിക്കുട്ടി, ജാനു എന്നിവ. അദ്ദേഹം രചിച്ച പദ്യകൃതികളിൽ പ്രധാനപ്പെട്ടവ വിനോദിനി,
അന്തർജനത്തിന്‍റെ അപരാധം, ഒരു പോലീസ് ഇൻസ്പെക്ടറുടെ വധം, ഒരു പതിവ്രതയുടെ കഥ, ലക്ഷ്മീവിലാസശതകം,
കുംഭകോണയാത്ര, മദിരാശി കടൽക്കര , അജാമിളമോക്ഷം വഞ്ചിപ്പാട്ട്, കടാക്ഷസന്ദേശം എന്നിവയാണ്.
കൂട്ടുകവിതകൾക്ക് പ്രാബല്യം ഉണ്ടായിരുന്ന ആ കാലത്ത് ഉള്ളൂർ, പന്തളം, കുണ്ടൂർ, വള്ളത്തോൾ ഗോപാലമേനോൻ,
കുറ്റിപ്പുറത്തു കിട്ടുണ്ണിനായർ എന്നിവരോട് ചേർന്ന് അദ്ദേഹവും ചില കൂട്ടുകവിതകൾ എഴുതി. ദേവയാനീപരിണയം,
ശ്രീമതി , ആഞ്ജനേയവിജയം എന്നിവ അവയിൽ പെടുന്നു. ഒട്ടേറെ ദേവീസ്തുതികളും മംഗളശ്ലോകങ്ങളും
സമസ്യാപൂരണങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. മാലതി എന്നൊരു നോവലും രചിച്ചിട്ടുണ്ട്. പച്ചമലയാളപ്രസ്ഥാനത്തിനെ
അനുകൂലിച്ചിരുന്ന അദ്ദേഹം പച്ചമലയാളത്തിലെഴുതിയ കൃതിയാണ് മദിരാശി കടൽക്കര. കവിരാമായണയുദ്ധത്തിൽ
ഹനുമാൻ , പ്രഹ്ളാദൻ എന്നീ തൂലികാനാമങ്ങൾ സ്വീകരിച്ച് മൂലൂരിനെ എതിർത്തിരുന്നു.
ഒടുവിൽ കുഞ്ഞികൃഷ്ണമേനോന്റെ മരുമകനാണ് പ്രശസ്തനടൻ ഒടുവിൽ ഉണ്ണികൃഷ്ണൻ.
തയ്യാറാക്കിയത് ജലജ പുഴങ്കര. |
|
.
Subscribe to:
Post Comments (Atom)
No comments:
Post a Comment